Search This Blog

Saturday, September 29, 2012

ബേബി



രണ്ടു ബേബിമാരുണ്ടായിരുന്നു,ഞങ്ങള്‍ക്ക്. ഉള്ളാടന്‍ബേബിയും സുഖിയന്‍ ബേബിയും. ഉള്ളാടന്‍ ബേബി വന്നു പോകും, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ. സുഖിയന്‍ ബേബി ഞങ്ങളുടെ കിഴക്കേ അയല്‍പക്കം, ഇടയാടിയിലെ തൊമ്മന്‍ നാനാാരുടെ ചേട്ടന്‍ ചാണ്ടിയുടെ  മൂത്ത മകന്‍. പൊക്കം കൂടി കണ്ണു തൂങ്ങി, മുഖക്കുരു നിറഞ്ഞു ചുവന്ന മുഖം. ഒരു പഴുത്ത പേരയ്ക്കാ ആണോര്‍മ വരുക. എന്നാലും സുഖിയന്‍ എന്ന പലഹാരവുമായി ഒരു ബന്ധവുമില്ലാത്ത മുഖം. ഇടയ്‌ക്കൊക്കെ കണ്ടില്ലെങ്കില്‍ മറന്നു പോകാവുന്നത്.

ഉള്ളാടന്‍ ബേബിക്കു കഷ്ടിച്ച് നാലരയടിപ്പൊക്കം, കറുത്തുറച്ച ഷര്‍ട്ടിടാത്ത കുറിയദേഹം. എന്നാല്‍ ഉള്ളാടന്‍ ബേബി അന്നും ഇന്നും എന്റെ ഉള്ളു നിറയെ ഉണ്ടു താനും. അതിലെ ഉള്ളാടന്‍ എന്നതു ജാതിപ്പേരാണെന്നു എത്രയോ  കഴിഞ്ഞാണറിയുന്നത്. അല്ലെങ്കിലും പേരിങ്ങനെ മാറ്റി മാറ്റി പറഞ്ഞു രസിപ്പിക്കുക എന്നത് ബേബി പതിവാണ്.എല്ലാം മാറ്റിപ്പറഞ്ഞു കൊണ്ടേയിരിക്കും. മാറ്റിപ്പറയുന്നതൊക്കെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഒച്ചയിലാണ്. പേരൊക്കെ പെണ്‍പേരുകളും..ശരിപ്പേര് ബേബിയുള്‍പ്പടെ...ബേബി വന്നാല്‍ ഞാനും ഇരട്ടപ്പഴം പോലെ ഒട്ടിപ്പിടിച്ചു നടക്കുന്ന ഗീതബിന്ദുമാരും വടക്കുപുറത്തെ ഇളം തിണ്ണയില്‍ ഹാജര്‍. വലിയ  ഉത്ക്കണ്ഠയോടെ ചങ്കിടിപ്പോടെയാണ് നില്പ്. കാരണം ബേബിയുടെ തോളത്തും അരയിലുടുത്ത മടക്കികെട്ടിയ മുണ്ടിനു മീതെയും രണ്ടു തോര്‍ത്തുകള്‍ കിഴി കെട്ടി വെച്ചിരിക്കും. ഒന്നു നോക്ക്ിയാല്‍ തന്നെ കിഴിക്കുള്ളിലെ ചലനങ്ങള്‍ കാണാം. ജീവനുള്ള ഉടുമ്പാണൂള്ളില്‍..! ഉടുമ്പു പിടുത്തമാണു ബേബിയുടെ തൊഴില്‍. വല്ലപ്പോഴുമൊക്കെ കീരിയെയും പിടിക്കും. തോര്‍ത്തുകിഴികള്‍ രണ്ടും അരുകില്‍ മാറ്റി വെച്ചിട്ട് ബേബി ചോറുണ്ണും. കിഴിയൊന്നു പിടച്ചാല്‍ ബേബി ശകാരിക്കും.

മുതിര്‍ന്നവരാരുമില്ലെങ്കില്‍ ബേബി ഒരു കൊച്ചുകലാപ്രകടനം തന്നെ കാഴ്ച്ച വെയ്ക്കും.പെണ്ണായി പലപ്പോഴും ഒരു പുതുപ്പെണ്ണായിട്ടാണ് പ്രകടനം. ''എന്റെ പേരു ദുശീലാന്നാ, എന്റെ കെട്ടിയവന്‍ ചന്തയ്ക്കു പോയെക്കുവാ, എന്റെ സാരി പുതിയതാ'' എന്നൊക്കെ നാണിച്ചും കൊഞ്ചിയും പറയും. (അന്നൊക്കെ കെട്ടിയവന്‍ എന്ന വാക്കു പോലെ ഞങ്ങള്‍ക്കു തെറി  വേറെയില്ല. 'നിന്റെ കെട്ടിയവന്‍' എന്നു പറഞ്ഞു കോക്കിരികാട്ടി (കൊഞ്ഞനം കുത്തി) യാണ് പാലക്കായിലെ മായ ഇറുമ്പയം കോളനീന്നു സ്‌കൂളില്‍ വന്നിരുന്ന രമണി എന്ന ഭയങ്കര തെറിക്കാരിയെ ഒതുക്കിയത്!) ഇതൊക്കെ കേള്‍ക്കുന്നതോടെ അതുവരെ ചിരിക്കണോ കരയണോ പേടിക്കണോ എന്നൊക്കെ ശങ്കിച്ചു നില്‍ക്കുന്ന ബിന്ദുവും കൂടി ഞങ്ങളുടെ കൂടെ കൂടി കുടുകുടാന്നു ചിരിയാവും. ബിന്ദുവിന് എല്ലാറ്റിന്റെയും അവസാനവാക്ക് ഗീതയാണല്ലോ. അവളു ചിരിച്ചാലും കരഞ്ഞാലും യാതൊരു വ്യവസ്ഥയുമില്ലാതെ മറ്റവളും അനുകരിക്കും.

ബേബി പറയുന്നത് എറണാകുളത്താണു വീടെന്നാണ്. ചിലപ്പോള്‍ പറയും ഇറുമ്പയത്ത് പെരുന്തട്ടേലമ്പലത്തിനടുത്താണെന്ന്. അതിനടുത്താണല്ലോ ബെന്നിയുടെ വീട്.  അതുകൊണ്ടു ബെന്നിയെ പേടിച്ച് ഒച്ച താഴ്ത്തിയേ പറയൂ..ഇലഞ്ഞിയിലെ പെരീപ്പന്‍(വല്യച്ഛന്‍) ഒരു ദിവസം വന്നു.. ഇലഞ്ഞി മുതല്‍ നടന്നാണു വരവ്. വന്നപ്പോഴേ ബേബിയെ കണ്ടു. ''ഇതു നമ്മുടെ പാലച്ചോടുള്ള...'' അങ്ങനെയാണ് ബേബിയുടെ താവളം പിടികിട്ടിയത്. ഇടയ്‌ക്കൊക്കെ ബേബി ഭാര്യമാരെയും കൂട്ടി വരും. എപ്പോഴും മുറുക്കിക്കൊണ്ടിരിക്കുന്ന രണ്ടു പേര്‍. മുറുക്കിക്കഴിഞ്ഞ് അവര്‍ പറമ്പിലെ ചവറൊക്കെ അടിച്ചു കൂട്ടും. ബേബി അപ്പോഴേക്കും കിഴക്കേ പറമ്പിന്റെയറ്റത്തു കുറ്റിക്കാട്ടില്‍ ഉടുമ്പിനെ പിടികൂടാന്‍ പോയിക്കാണും. പാലക്കായിലെ രവിച്ചേട്ടനും വിജയനും മോഹനനുമൊക്കെ ബേബിയെ ചുറ്റിപ്പറ്റിയുണ്ടാവും.  ഭാര്യമാര്‍ രണ്ടു പേരുമായും ബേബി തല്ലു കൂടുന്നതു ഞങ്ങളെ ചിരിപ്പിക്കാനാണ്.ഒരിക്കല്‍ ബേബിയില്ലാതെ അവര്‍ രണ്ടു പേരും കൂടി വന്നു. ഞങ്ങള്‍ക്കു നിരാശയായി. ഞങ്ങള്‍ എല്ലാടവും നോക്കി. കഷ്ടം,ബേബിയില്ല! പക്ഷെ അപ്പോഴതാ ബേബി മുറ്റത്തെ അഴയില്‍ പിടിച്ചു പിണങ്ങി നാണം കുണുങ്ങി നില്ക്കുന്നു! തലമുടി പോലെ തോര്‍ത്തു പിരിച്ചു മാറത്തിട്ടു ചുണ്ടു കൂര്‍പ്പിച്ചു നില്‍ക്കുകയാണ്.എത്ര വിളിച്ചിട്ടും ബേബി വന്നില്ല.  ''ആ ബേബി എന്നെ തല്ലും!''  പറയുന്നതു അവരെ ചൂണ്ടിയാണ്. പിന്നെ കുറേ നേരം ബേബി അവരുടെ ഭാര്യയായി അഭിനയിച്ചു കൂട്ടി. ഞങ്ങള്‍ ചിരിച്ചു മറിഞ്ഞു. പനയോല വെട്ടാന്‍ വന്ന കുഞ്ഞന്‍ നായര്‍ ബേബിയെ ഓടിച്ചു. ബേബി ഇന്നില്ല. ഒരുപാടു നാള്‍ കഴിഞ്ഞാണ് അറിഞ്ഞത് ..സ്റ്റേഷന്‍ മാസ്റ്റര്‍ എസ്.ആര്‍.പിള്ളയുടെ വീട്ടില്‍ വിറകു വെട്ടിയിരുന്നതു ബേബിയാണ്. അവര്‍ ഒരിക്കല്‍ അമ്മയോടു നിസ്സാരമട്ടില്‍ പറഞ്ഞു. നമ്മുടെ ഉള്ളാടന്‍ ബേബി മരം വെട്ടുന്നതിനിടയില്‍ താഴെ വീണു മരിച്ചെന്ന്..

No comments:

Post a Comment