Search This Blog

Tuesday, October 2, 2012

വാട് കപ് തോട്മീന്‍ കൂട്‌മോ നീ? ''what kap thot meen kootmo nee?''


വേനല്‍ക്കാലത്തെ കപ്പപ്പുഴുക്കും കപ്പവാട്ടലുമൊക്കെ ഒരു അനുഷ്ഠാനവും ആഘോഷവും പോലെയാണ് വീട്ടില്‍. അന്നൊക്കെ മംഗലത്തെ കൗസിച്ചേച്ചിയും പാലക്കായിലെ  കാത്തുവമ്മയുമില്ലാതെ ഒരു പരിപാടിയുമില്ല അടുക്കളയില്‍. വലിയ അലുമിനിയച്ചെരുവത്തില്‍ കപ്പ തൊലി കളഞ്ഞിടും. ചെളിയും കട്ടുള്ള കറുത്ത ഭാഗവും ഉറച്ചു കട്ടിയായ മുട്ടിയും കളഞ്ഞ് വീണ്ടും കഴുകും. എന്നിട്ട് ചെണ്ട മുറിയനായോ കൊത്തുകൊത്തായോ അരിയും രണ്ടായാലും പച്ചയ്ക്കു തിന്നാനുള്ള കൊതിയോടെ കുറേ പേരുണ്ടല്ലോ... കറിക്കത്തിമുനകൊണ്ട് ഒരു കഷ്ണം കുത്തിയെടുത്തു തരും കൗസിച്ചേച്ചി. വലിയ ചെണ്ടമുറിയന്റെ നാരില്‍ പിടിച്ച് 'കോലൈസ് ' ആയി വായിലിട്ടീമ്പും മായയും ഗീതയും.  കണക്കിലധികമായാല്‍ തല മത്തുപിടിക്കും. മുറ്റത്തുതന്നെ അടുപ്പുകൂട്ടിയുള്ള പാചകവും ആളും ബഹളവും ഒക്കെ ഒരു ഉത്സവമേളമാണ്. അടുപ്പുകൂട്ടാന്‍ ബെന്നിയാണ് സഹായിക്കുക. പണിക്കിടയില്‍ ബെന്നി സ്വതസിദ്ധമായ ശൈലിയില്‍ നിറുത്താതെ കളിയാക്കും. "ഹ്യേ...... ഹേ''... കപ്പ തിന്നുന്നെങ്കില്‍ അത് നല്ല മുളകിട്ട മീന്‍ കറി കൂട്ടിയടിക്കണമെന്ന് പരിഹാസത്തോടെ പറയും. വെന്താല്‍ വാഴയില ചെറുതായി മുറിച്ച് ഇളംതിണ്ണയിലിട്ടുതന്നെ എല്ലാര്‍ക്കും വീതം വെച്ചു വിളമ്പും കാത്തുവമ്മ . പിന്നെ ഒരു പാത്രത്തില്‍ ഒരു പങ്കുമായി പോവും. സന്ധ്യകഴിഞ്ഞാണെങ്കില്‍ ഞങ്ങള്‍ കൂട്ടുചെല്ലും.

കാച്ചില്‍ (കാവത്ത്) പുഴുക്ക് കാണുമ്പോഴൊക്കെ ജയശ്രീയെ ഓര്‍ക്കും. എട്ടാം ക്ലാസിലെ കൂട്ടുകാരി. നല്ല കൈയക്ഷരമുള്ള അവളുടെ പകര്‍ത്തു ബുക്ക് ക്ലാസ് ടീച്ചര്‍ എപ്പോഴും ഉയര്‍ത്തിക്കാട്ടും. എട്ടാം ക്‌ളാസ്സിലായിട്ടും   പ്രസാദിനെപ്പോലെതന്നെ അവള്‍ കവിളത്ത് കണ്‍മഷി കൊണ്ട് മറുകിട്ടിരുന്നു..
ഒരിക്കല്‍ ശനിയാഴ്ച അവള്‍ എന്നെയും സന്ധ്യയെയും വീട്ടില്‍ കൊണ്ടുപോയി. പുഴക്കക്കരെ കടന്ന് കുറേ ദൂരത്തിലാണ് വീട്. പുഴക്കു മീതെയുള്ള തീവണ്ടിപ്പാലം കേറി പേടിച്ചു പേടിച്ചുള്ള യാത്ര. സൗഹൃദത്തെക്കാള്‍ എന്തുകൊണ്ടൊക്കെയോ പൊടി ആരാധനയാണ് ഞങ്ങള്‍ക്കവളോട്. അവിടെ ചെന്നു കയറുമ്പോള്‍ മുറ്റത്തു നിറയെ പനമ്പുകള്‍. പനമ്പിലൊക്കെ ആവി പൊങ്ങി നില്‍ക്കുന്ന അപ്പോള്‍ പുഴുങ്ങി ഉണങ്ങാനിട്ട നെല്ല്. ജയശ്രീയുടെ വീട്ടുമുറ്റം നിറയെ കോഴിവാലന്‍ ചെടികള്‍. അതിന്റെ അരികു പറ്റി പനമ്പില്‍ ചവിട്ടാതെ ഇറയത്തു കയറി. അച്ഛനും അമ്മയും പണിക്കാരുമൊക്കെയുണ്ട്. പിന്നെ ഒരു ദിവസം ഞാന്‍ അവളെ വീട്ടിലേക്കു വിളിച്ചു. ഒരു ഉച്ചനേരം മടിച്ചു മടിച്ചു ജയശ്രീ വന്നു. ഞങ്ങളെല്ലാം ഉച്ചയ്ക്കു വീട്ടില്‍ വന്നാണ് ഊണ്. അന്ന് പറമ്പില്‍ പണിക്കാരു കൂടിയുള്ള ദിവസമായതുകൊണ്ട് അമ്മ കാച്ചില്‍ പുഴുക്കു കൂടിയുണ്ടാക്കിയിരുന്നു. എത്ര നിര്‍ബന്ധിച്ചിട്ടും ജയശ്രീ മുറിക്കകത്തേയ്ക്കു വന്നില്ല. ഊണു കഴിച്ചതുമില്ല. ഒടുവില്‍ കാച്ചിയ പപ്പടവും കാച്ചില്‍ പുഴുക്കും മാത്രം കഴിച്ചു. പിന്നീട് എത്രയോ കഴിഞ്ഞാണ് ജയശ്രീ പറയുന്നത് ഞങ്ങള്‍ നായന്മാര്‍ അങ്ങനെ അവിടന്നുമിവിടുന്നും അരിയാഹാരം കഴിക്കാന്‍ പാടില്ല. വാഴയിലയില്‍ വിളമ്പിയ വെളിച്ചെണ്ണയും കരിവേപ്പിലയും തിളങ്ങുന്ന മഞ്ഞ നിറമുള്ള കാച്ചില്‍ പുഴുക്ക് ജയശ്രീയെ ഓര്‍മിപ്പിക്കുന്നു. വീതി കുറഞ്ഞ നെറ്റിയെയും അതിനു താഴെയുള്ള കണ്‍മഷിയെഴുതിയ കണ്ണുകളെയും കവിളത്തെ മറുകും


ചേനകൊണ്ടുള്ള   പുഴുക്ക് വലിയ ബദ്ധപ്പാടാണ്. കാരണം ചൊറിച്ചില്‍ തന്നെ. ചൊറിച്ചില്‍ കുറക്കാന്‍ പല വഴിയുണ്ട്. അതിലൊന്ന് ഒരുകഷ്ണം ചേന അടുപ്പിലിട്ടു മൂടുന്നതാണ്. വെളിച്ചെണ്ണ കൈയില്‍ നന്നായി പുരട്ടിയ ശേഷം അരിഞ്ഞാലും മതി. വെള്ളം തൊടരുത്. മംഗലത്തെ രാധച്ചേച്ചിയെപ്പോലെ പ്രസവിക്കാത്ത സ്ത്രീകള്‍ തൊട്ടാലും ചൊറിയില്ലത്രെ!
പക്ഷേ ഏതു ചൊറിയന്‍ ചേമ്പും ചേനയും ബാധിക്കാത്ത ഒരാളുണ്ട് വീട്ടില്‍. ഞങ്ങളുടെ ഒരകന്ന ബന്ധുവും സഹായിയുമായ പഴയിടത്തെ  അപ്പാത്ത(അമ്മൂമ്മ). അങ്ങനെ ഒരാളെന്നു പറഞ്ഞാപ്പോരാ, എത്രയധികം നറഞ്ഞുനിന്ന പഴയടത്തെ അപ്പാത്ത, പുറമേക്കു പരുക്കത്തിയെങ്കലും ഞങ്ങളുടെ കരുത്തും തുണയുമായി നിന്ന, എല്ലാമായ ഒരാള്‍!! വെന്താല്‍ മയമുള്ള ചേനയാണ് പുഴുങ്ങുക. അല്ലാത്തത് കരിക്കാണെന്ന് പറഞ്ഞ് മാറ്റിവെക്കും. വിത്തു ചേനയും കൊള്ളില്ല. ബ്രഡ് പോലെ കനത്തില്‍ ചതുരത്തില്‍ അരിഞ്ഞ് പുഴുങ്ങും. വെന്തു കഴിഞ്ഞ് പച്ചമുളക് ചതച്ചിട്ട് വെളിച്ചെണ്ണ തളിക്കും.

ഒരു രാത്രി നമ്പ്യാത്തെ വീട്ടില്‍ തിരുവാതിരക്കളി കാണാന്‍ പാലക്കായിക്കാരുടെ കൂടെ പോയപ്പോഴാണ് തിരുവാതിരപ്പുഴുക്കു തിന്നുന്നത്. എട്ടങ്ങാടി ചേര്‍ത്ത പുഴുക്ക്. കാച്ചില്‍, ചേന, കപ്പ, ചേമ്പ്, നനകിഴങ്ങ്, മധുരക്കിഴങ്ങ്, നേന്ത്രക്കായ, വന്‍പയറ്, മുതിര ഒക്കെ ചേര്‍ന്ന പുഴുക്ക്. ലേശം ശര്‍ക്കരയുടെ മേമ്പൊടിയുണ്ടാവും തേങ്ങയും ജീരകവും കൂടാതെ. തിരുവാതിരകളി പോലെത്തന്നെ മങ്ങിയ നിറമുള്ള ആ പുഴുക്ക് എനിക്കിഷ്ടമായില്ല.

എല്ലാറ്റിലും വെച്ച് ചക്കപ്പുഴുക്കാണ് ഞങ്ങള്‍ക്കിഷ്ടം. കാരണം അതില്‍ രുചിയേക്കാളുപരി ഒരു രഹസ്യസംവിധാനമുണ്ട്. സര്‍പ്രൈസായി  ചക്കക്കുരു ചൂഴ്ന്നു കളയാത്ത, കീറാത്ത മൂന്നുനാലു മുഴുവന്‍ചുളകള്‍ അതിലുണ്ടാവും.  അത് കിട്ടുന്നത് ഭാഗ്യവും സാമര്‍ത്ഥ്യവുമുള്ളവര്‍ക്കു മാത്രം. എനിക്കും തങ്കമണിക്കുമൊന്നും അതു കിട്ടാറില്ല. കിട്ടിയാല്‍ തന്നെ അതു കൂടുതല്‍ വാശിക്കാര്‍ക്കുവേണ്ടി ത്യജിക്കേണ്ടി വരും. കിട്ടാത്തവര്‍ക്ക് സങ്കടവും പിണക്കവും. അഞ്ചാറു ചുളകൂടി കൂടി ഇട്ട് പിണക്കം തീര്‍ക്കാന്‍ കഴിയാവുന്നതേയുള്ളൂ. പക്ഷേ മുതിര്‍ന്നവരുടെ  'പുഴുക്കു ടീം' ഒരിക്കലും ഇക്കാര്യം ശ്രദ്ധിക്കാറില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം തൃപ്പൂണിത്തുറയിലെ പ്രശസ്തമായ ചിത്രാലയ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചിത്രകല പഠിക്കാന്‍ ചേര്‍ക്കാന്‍ ബിന്ദുവിനെയും കൊണ്ടുപോയി. ഡിഗ്രിക്കു പഠിക്കുകയാണെങ്കിലും രക്ഷിതാവായിട്ടു ഞാന്‍.  ചക്രപാണി എന്ന ചിത്രകാരന്റെ വീടാണത്. അവിടെ ചെന്നപ്പോള്‍ മുരിങ്ങക്കായ മുറിച്ചു ചേര്‍ത്ത ചക്കപ്പുഴുക്കു തിന്നതോര്‍ക്കുന്നു. വേറൊരു സ്വാദും മണവും. ചക്ക നന്നാക്കാന്‍ ഈന്തുങ്കലെ പാപ്പിയമ്മയാണ് വരിക. ഒരു കഥാപാത്രം തന്നെ!  എത്ര മണിക്കൂര്‍ വേണമെങ്കിലും ചുണ്ടുകൂര്‍പ്പിച്ചിരുന്ന് ചക്ക നന്നാക്കും. അതിന്റെ ചകിണി,മടല്‍, കുരു, പാട, തൊലി, നടുക്കുള്ള കൂഞ്ഞില്‍, എല്ലാം വേര്‍തിരിച്ച് വൃത്തിയാക്കും. ഒരു ഓടത്തില്‍ വെളിച്ചെണ്ണ,  മുളഞ്ഞീന്‍(ചക്കപ്പശ) കളയാന്‍ ചകിരിക്കഷണം ഇരിക്കാന്‍ പലക, കത്തി, മുറം ഇത്രയുമാണ് സെറ്റപ്പ്. മരുമക്കളായ വത്സലച്ചേച്ചി, ഗിരിജച്ചേച്ചി എന്നിവരെയും മകളായ യെക്ഷുംകുട്ടിയമ്മയെയും (ലക്ഷ്മിക്കുട്ടിയമ്മയെ അങ്ങനെയാണ് വിളിക്കുക) കണക്കിനു കുറ്റം പറഞ്ഞും പ്രാകിയും അവിരാമം  തുടരുന്ന ചക്കസെഷന്‍ സന്ധ്യവരെ നീളും. പിന്നെയും പരാതികളും വിമര്‍ശനങ്ങളും ബാക്കിയാവും. വടക്കെ വേലി വരെ പോയി തിരിച്ചുവരും. പിന്നെയും തുടരും. ഒടുക്കം നാടകീയമായ ഒരു പ്രകടനം തന്നെ. അതുവരെ വിളിച്ച പടിഞ്ഞാറ്റുകാവിലമ്മയെയും തിരുവള്ളൂരപ്പനെയും ചേര്‍ത്ത്‌ തേങ്ങയുടക്കുന്ന മട്ടില്‍ തലയില്‍ കൈവെച്ച് പ്രാകി അവസാനിപ്പിക്കും. പിന്നെ വെട്ടിത്തിരിഞ്ഞു പോകും. ഉപ്പും മഞ്ഞളും ചേര്‍ത്ത് പകുതി വെന്ത പുഴുക്ക് അടുപ്പത്തു വെച്ച ചൂടുള്ള വലിയ ചെരുവം പൊക്കി കുടഞ്ഞെറിഞ്ഞ് മറിച്ചിടും കാത്തുവമ്മ. തവിക്കണകൊണ്ട് ഒന്നിളക്കി നോക്കാന്‍ ഒരവസരം കാത്തുമ്മ തരും ചീത്ത പറയാതെ. തവിയുടെ വീതിയുള്ള ഭാഗമായാല്‍  കുഴഞ്ഞുപോവുമത്രെ.

കപ്പ വാട്ടിവെക്കുന്നത് ഇടയാടിയിലെയും പാരാമനക്കലെയും ക്രിസ്ത്യാനികളെ കണ്ടു പഠിച്ചതാണമ്മ. ഉണക്കുകപ്പയും വാട്ടുകപ്പയുമുണ്ട്. രണ്ടായാലും വട്ടത്തില്‍ അരയിഞ്ചു കനത്തില്‍ തൊലിയോടെ മുറിച്ചെടുക്കുന്നതാണ്. ഒന്നു വെള്ളത്തില്‍ തളപ്പിച്ചുണക്കിയാല്‍ വാട്ടുകപ്പയാവും. പച്ചയ്ക്കുണക്കിയാല്‍ ഉണക്കക്കപ്പയും. മഴക്കാലത്തേക്കുള്ള സൂക്ഷിപ്പാണിത് പലയിടത്തും. ഞങ്ങളിത് സ്ഥിരമായി ബോംബെക്കാര്‍ക്ക് കൊടുത്തയക്കും. സ്‌കൂളടക്കുമ്പോള്‍ വന്നു പോകുന്ന കുഞ്ഞിച്ചിത്തപ്പനും ചിത്തമ്മയും മക്കളും. പിന്നെ കുലശേഖരമംഗലത്തെ തങ്കംകൊച്ചാത്തയും ഒക്കെ. വാട്ടുകപ്പ ഹോള്‍സെയിലായി ഉണ്ടാക്കുന്നതുകൊണ്ട് എല്ലാരും പങ്കിട്ടെടുക്കും. വാട്ടുകപ്പ കാണുമ്പോഴേക്കും പാലക്കായിലെ രവിച്ചേട്ടനും കൊച്ചണ്ണനും താളത്തില്‍ പാടും, ഒരു ഇംഗ്ലീഷ് പാട്ട്.
''വാട് കപ് തോട്മീന്‍ കൂട്‌മോ നീ?'' (''what kap thot meen kootmo nee?'')വാട്ടുകപ്പയും തോട്ടിലെ മീനും കൂട്ടുമോ നീ എന്നത്രെ അതിന്റെ മലയാളം!

No comments:

Post a Comment