Search This Blog

Sunday, October 21, 2012

വെല്യപെരീപ്പന്‍


സിഗരറ്റിന്റെയും അഭിജാതമായ ഏതോ പരിമളത്തിന്റെയും കൂടിക്കുഴഞ്ഞ ഒരു മണത്തോടെയല്ലാതെ വെല്യപെരീപ്പനെ ഓര്‍ക്കാന്‍  കഴിയില്ല. ഏതാണ്ട് അപ്പന്റെ അതേ ഛായ:  വെളുത്തു തടിച്ചു അധികം ഉയരമില്ലാത്ത മാംസളമായ ദേഹവും കുടവയറും കയ്യില്ലാത്ത ബനിയനും ഒക്കെ എപ്പോഴും അതോര്‍മിപ്പിച്ചു.വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണയാണ്  ബോംബേയില്‍ നിന്ന് നാട്ടില്‍ വരുക. അവിടെ കൊളംബിയ ഫിലിംസ് ഓഫ് ഇന്ത്യാ എന്ന കമ്പനിയിലാണ് ജോലിയെന്ന്  വലിയ ഒരു ഇംഗഌഷ്‌ വാക്കെന്ന പോലെ അമ്മ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിരുന്നു. അപ്പന്റെ മരണശേഷം ഞങ്ങളുടെ കാര്യങ്ങളൊക്കെ നോക്കിനടത്തുന്നത് പിരീപ്പനായിരുന്നു.പിരീപ്പന്റെയും കുഞ്ഞുചിറ്റപ്പന്റെയും പറമ്പുകളിലെ ആദായവും കൃത്യമായ ഇടവേളകളില്‍ വന്നുകൊണ്ടിരുന്ന മണിയോര്‍ഡറുകളും തികച്ചും മതിയായിരുന്ന കാലം. വളരെ കുറച്ചു മാത്രമേ വെല്യപിരീപ്പന്‍ സംസാരിക്കുന്നതു കണ്ടിട്ടുള്ളു. ഒരിക്കല്‍ മാത്രം അപ്പനുമായി ദീര്‍ഘനേരം ശബ്ദമുയര്‍ത്തി സംസാരിച്ചതും തര്‍ക്കിച്ചതും ഓര്‍ക്കുന്നു, അതും ഇംഗഌഷില്‍..!അപ്പനെപ്പോലെ തന്നെ പിരീപ്പനും ഡയറിയെഴുതിയിരുന്നത് ഇംഗഌഷിലായിരുന്നു. വേലികെട്ടിയതിന്റെയും പറമ്പുകിളച്ചതിന്റെയും തെങ്ങിനു വളമിട്ടതിന്റെയുമൊക്കെ കണക്കുകള്‍ മലയാളത്തിലും..! വെല്യപിരീപ്പന്‍ എത്തിയാലുടനേ എവിടുന്നെങ്കിലും ചാക്കോ മൂപ്പനും എത്തും. എപ്പോഴും ജലദോഷമുള്ള പതിഞ്ഞ ശബ്ദത്തില്‍ ചാക്കോമൂപ്പന്‍ അതിവിരസമായി ഏതാണ്ടൊക്കെ പറയും...വാഴക്കുഞ്ഞു പിരിച്ചു വെച്ചതും നനകിഴങ്ങു പറിക്കാറായതും ഒക്കെ. കാത്തുവമ്മ മാത്രം വെല്യപിരീപ്പനെ വലിയ വാല്‍സല്യത്തോടെ നോക്കിനിന്നു  പറയും: 'പാച്ചുമൂപ്പരു തന്നെ. അതേ നില്പും നോട്ടോം !' പാച്ചു മൂപ്പര് ഞങ്ങളുടെ അപ്പൂപ്പനാണ്. എന്നിട്ട് അപ്പൂപ്പന്‍ പറയുന്നത് അനുകരിച്ചുകൊണ്ടു പറയും, 'കാര്‍ത്യായനി ഇവിടം വരെയൊന്നു വരൂ '  ചെന്നു, 'എനിക്കൊന്നു എണീക്കണം' എണീപ്പിച്ചു,'എന്താ ചെയ്ക !? ' 

വെല്യപെരീപ്പന്‍ വന്നു പോവുന്നതുവരെ  ആകെ ഒരു മുറുക്കമാണ്. കിടപ്പും ഉറക്കവും ഊണുമൊക്കെ തറവാട്ടിലാണെങ്കിലും രാവിലെയും രാത്രിയുമുള്ള സന്ദര്‍ശനത്തില്‍ ഞങ്ങള്‍ കടുത്ത നിയന്ത്രണത്തോടെ ബഹളം കൂട്ടാതെ വലിയ പഠിത്തമാണെന്ന മട്ടില്‍ കഴിഞ്ഞുകൂടും. അമ്മ പറയും, 'താടിയുള്ള അപ്പനെയേ പേടിയുള്ളൂ...'  അപ്പന്‍ മരിച്ച ശേഷം ഒരിക്കല്‍ ഓണത്തിന് വെല്യപെരീപ്പന്‍ വന്നു.ഞങ്ങളുടെ പല്ലുതേപ്പില്‍ ഒരു പരിഷ്‌കാരവും ഏര്‍പ്പെടുത്തി. ടൂത്ത്‌പേസ്റ്റും ആളൊന്നിന് ബ്രഷും പലനിറത്തിലുള്ള ടങ്ക്ക്ലീനറുകളും കൊണ്ടുവന്നു. മേലാല്‍ ഉമിക്കരികൊണ്ട് തേക്കേണ്ടെന്ന് ഉത്തരവായി.

ഇതിനും പുറമെ അക്കൊല്ലം ഓണക്കോടിയായി  ഒരേപോലെ എംബ്രോയഡറി ചെയ്ത മൂന്നു ഫ്രോക്കുകളും കൊണ്ടുവന്നിരുന്നു. എനിക്കും ഗീതയ്ക്കും ബിന്ദുവിന്നും. എന്റേത് മഞ്ഞ നിറമാണ്. പക്ഷേ ഇട്ടുനോക്കുമ്പോള്‍ ഇറക്കം കുറവ്. മുട്ടുവരെയില്ല. എന്നാലും ഞാന്‍ വാശിയോടെ അതിട്ടു. ഉച്ച കഴിഞ്ഞ് പെരീപ്പന്‍ പറഞ്ഞതനുസിരിച്ച് മൂന്നുപേരുടെയും കൂടി ഒരു ഫോട്ടോ എടുക്കാന്‍ കുഞ്ഞണ്ണന്‍ ഞങ്ങളെ സൂര്യാ സ്റ്റുഡിയോയില്‍ കൊണ്ടുപോയി. അന്ന് വെള്ളൂര് ആകെയുള്ള സ്റ്റുഡിയോ അതാണ്. പിന്നെയാണ് മോഹന്‍സ്റ്റുഡിയോ ഒക്കെ വന്നത്. (മോഹന്‍ സ്‌കൂളിലെ ഡ്രോയിങ് മാഷായിരുന്നു.)ഗീതയും ബിന്ദുവും ഒരേ പോലെ തുന്നിയ ഒരേ നിറത്തിലുള്ള ഉടുപ്പുകളാണ് ഇട്ടത്. നടുക്ക് കറുത്ത നിറത്തിലുള്ള ടൈ പോലെ വലിയ പൈപ്പിങ് പിടിപ്പിച്ച കടും പിങ്ക് നിറത്തിലുള്ള ഉടുപ്പ്. രണ്ടു കൈകളും നിറയെ ഞൊറികളോടെ ചിറകു വിടര്‍ത്തുന്നത്.....അടുക്കില്‍ ചേര്‍ന്നു കിടക്കുന്ന ഫ്രില്ലുകളും.... തങ്കം കൊച്ചാത്ത തുണിയെടുത്ത് മിനക്കെട്ട് തയ്ച്ചുകൊടുത്തതാണ്.   അതുവെച്ചു നോക്കുമ്പോള്‍ എന്റെ ഉടുപ്പ് പോര. പക്ഷേ അതു പുത്തനാണെന്ന ഗമയിലായിരുന്നു ഞാന്‍. കവലയില്‍ കിഴക്കുഭാഗത്തുള്ള ഫെഡറല്‍ ബാങ്കിനോടു ചേര്‍ന്നായിരുന്നു സ്റ്റുഡിയോ. കോണികേറിപ്പോണം. കവലയിലെത്തുമ്പോഴേക്കും എന്റെ ക്ലാസിലെ കുട്ടി രാധാകൃഷ്ണന്‍ എതിരേ വരുന്നു. അവന്റെ കൂടെ അച്ഛനുമുണ്ട്. ഉടുപ്പിന്റെ ഇറക്കക്കുറവ് എപ്പോഴോ അവന്‍ ശ്രദ്ധിച്ചോ എന്ന് സംശയം തോന്നിയതോടെ എന്റെ ആവേശം അസ്തമിച്ചു. ഒരു കാര്‍മേഘം നിഴലിട്ടു. തിരിച്ചു വീട്ടിലെത്തുമ്പോള്‍ എനിക്കു കരച്ചില്‍ വരാറായിരുന്നു. (ഈ രാധാകൃഷ്ണന്‍ തന്നെയാണ് രണ്ടാം ക്ലാസില്‍ വെച്ച് പച്ചയും ചന്ദനവും നിറത്തിലുള്ള യൂണിഫോമിന്റെ പേരില്‍ പണ്ടെന്നെ ചെവിയെപ്പൂടന്‍ എന്ന ഇരട്ടപ്പേരുളള പണിക്കരുസാറിന്റെ ചീത്ത കേള്‍പ്പിച്ചത്.  ചന്ദന നിറത്തിനു പകരം അല്പം ഇളം മഞ്ഞ നിറമായിരുന്നു അന്നു സലീഷ് ടെക്‌സ്റ്റൈല്‍സില്‍ നിന്ന് അമ്മ എടുത്ത് തയ്ച്ച ബളൗസിന്റെ തുണിക്ക്.) പിടികിട്ടാത്ത സങ്കടങ്ങളും പരാതികളും ആകാശത്തിനറ്റത്തെ കോണിലുള്ള ഒരു മേഘത്തോടു പറയാന്‍ ഞാന്‍ അതിനോടകം ശീലിച്ചിരുന്നു. വ്യക്തമായ രൂപവും നിറവുമില്ലാതെ കൂടിക്കുഴഞ്ഞു കിടക്കുന്ന  വെളുത്ത മേഘക്കൂട്ടങ്ങള്‍ കാണുമ്പോള്‍ മരിച്ചു സ്വര്‍ഗത്തില്‍ ചെന്നവരെ മൂടിപ്പുതച്ചു കിടത്തിയതാണെന്നു വിശ്വസിക്കാന്‍ എനിക്കിഷ്ടമായിരുന്നു. എങ്കിലും  സങ്കടങ്ങളെ തള്ളി മാറ്റി പെട്ടെന്നു സംഭവിക്കാന്‍ പോകുന്ന ഒരു മഹാല്‍ഭുതത്തിന്റെ മാന്ത്രികസാധ്യത ഞാനെപ്പോഴും ഉള്ളില്‍ വരച്ചുകൂട്ടുമായിരുന്നു. ഇന്നു സന്ധ്യക്ക് മഴയത്തുനിന്നും കുടചുരുക്കി അപ്പന്‍ കേറിവരും. ഒരു പാടു രസക്കുടുക്കകള്‍ നിറച്ച കറുത്തബാഗും  കറുത്ത ഫ്രയിമുള്ള കണ്ണടയുമായി, പറ്റിച്ചേ എന്ന മട്ടില്‍. അതേ കട്ടിഫ്രെയിമുള്ള കറുത്ത കണ്ണടയില്‍. അതേ തരം കയ്യില്ലാത്ത വെളുത്ത ബനിയനില്‍ വെല്യപെരീപ്പനെ കാണുമ്പോള്‍  യാഥാര്‍ത്ഥ്യം കൂടുതല്‍ കനക്കുകയാണ് ചെയ്യുക.എങ്കിലും എല്ലാ സന്ദര്‍ശനങ്ങളിലും കൂടുതല്‍ നിര്‍ദ്ദേശങ്ങളും ചെറിയ ചെറിയ സമ്മാനങ്ങളുമായി വെല്യപെരീപ്പന്‍ ഞങ്ങള്‍ക്കിടയില്‍  നിന്നു. ഒരിക്കല്‍ വെല്യപെരീപ്പന്റെ മൂത്ത മകന്‍ ശശിയണ്ണന്‍ ബോംബേയില്‍ നിന്നു വന്നു. ഒരു ചെറിയ കടലാസു പെട്ടി എനിക്കു തന്നിട്ട് തുറന്നു നോക്കാന്‍ പറഞ്ഞു. വെല്യപെരീപ്പന്‍ കൊടുത്തയച്ച ഒരു മഷിപ്പേന..! കറുത്ത ചട്ടവും സ്റ്റീലിന്റെ കഌപ്പും. ക്യാപ്പിനു തൊട്ടു താഴെ മഷി തീര്‍ന്നതറിയാന്‍  സുതാര്യമായ ഒരു ഭാഗവും. ഒരു ക്രിസ്തുമസ് അവധിക്കാലത്ത്  വന്നപ്പോള്‍  വെല്യപെരീപ്പന്‍ ഞങ്ങളെ അഷ്ടമി കാണാന്‍ വൈക്കത്തു കൊണ്ടു പോയി.അവിടെയാണ് പെരിയാത്തയുടെ വീട്.  വടക്കേ നടയില്‍ ആറാട്ടുകുളത്തിനടുത്ത് പാലച്ചോട്ടു മഠം എന്ന വീട്. മുറ്റം നിറയെ ചെത്തിയും നന്ത്യാര്‍വട്ടവും...  ചെത്തി വൃത്തിയാക്കിയ കൈതച്ചക്ക ഞങ്ങള്‍ക്കു കൊണ്ടു തന്നെങ്കിലും  പെരിയാത്ത ഒന്നും മിണ്ടിയില്ല.പിന്നീട് അമ്മയോടൊപ്പം പലവട്ടം പോയെങ്കിലും ഒരിക്കലും അവര്‍ ആരോടെങ്കിലും മിണ്ടുന്നതു കണ്ടിട്ടില്ല. ദൂരെ എവിടെയോ പതിഞ്ഞ ദൃഷ്ടികള്‍,അനക്കമില്ലാത്ത ഇരിപ്പ്....അത്തരം ഇരുപ്പുകളും നിശ്ചലതകളും ഉറ്റവരില്‍ സൃഷ്ടിക്കുന്ന വ്യാധിയുടെ ആഴം പില്‍ക്കാലത്ത് അമ്മ ഞങ്ങള്‍ക്കു  തന്നു.

പ്രീഡിഗ്രിക്കു ചേരുമ്പോള്‍ പതിവുപോലെ സ്‌കൂള്‍ തുറക്കലിനു വെല്യപെരീപ്പന്‍ വന്നുപോയി. അപ്പോഴും എല്ലാവര്‍ക്കും ഉടുപ്പുകളെടുത്തിരുന്നു. കാപ്പിപ്പൊടി നിറത്തില്‍ ചെറിയ കള്ളികളുള്ള പാവാടയും ബ്ലൗസും. അതിട്ടാണ് ഞാനാദ്യമായി ബി.സി.എം- ല്‍ കാലുകുത്തുന്നത്.ചെന്നയുടന്‍ കമിഴ്ന്നടിച്ചു വീണു. നല്ല ശകുനം തന്നെ! വലിയ ഗെയ്റ്റിനുള്ളില്‍ ചെറിയൊരു ഗെയ്റ്റ്. ശ്രദ്ധിച്ചില്ലെങ്കില്‍ ചെറിയ കമ്പി മുളകള്‍ പോലുള്ള ഭാഗം തട്ടി ഇറക്കം കൂടിയ പാവാടയിട്ട ആരും വീഴും. പഠിച്ചിരുന്ന ഓരോ ദിവസവും വികര്‍ഷണം കൂടിക്കൊണ്ടേയിരുന്നു. എങ്കിലും ആ സ്ഥാപനത്തില്‍ പ്രി ഡിഗ്രി എ വണ്‍ ബാച്ചില്‍ രണ്ടു കൊല്ലവും ബി.എസ്.സി ഫിസിക്‌സില്‍മൂന്നു കൊല്ലവുമായി തികച്ചും അഞ്ചുകൊല്ലം ഞാന്‍ തള്ളി നീക്കി. അപ്പോഴേക്കും എന്റെയുള്ളില്‍ ഞാന്‍ ഒരു പാടു ഇരുണ്ട ശിഖരങ്ങളായി വളര്‍ന്നിരുന്നു.

ഇതിനിടയില്‍ എപ്പോഴോ പാലക്കായിലെ വിജയന്‍ ചേട്ടനു പിന്നാലെ കൊച്ചണ്ണനും ഒരു ജോലി ശരിയായി കിട്ടാന്‍ വെല്യപെരീപ്പനോടൊപ്പം ബോംബെക്കു പോയിരുന്നു. അക്കാല്ലം ഒരു രാത്രി തറവാട്ടില്‍ കുടിലിലേക്ക് മരണത്തിന്റെ ടെലഗ്രാം വന്നു. ബോംബെയില്‍ നിന്ന്. ഇത്തവണ അമ്മയ്‌ക്കൊപ്പം ഞങ്ങളും കരഞ്ഞു. അപ്പന്‍ മരിച്ചപ്പോള്‍ കരയാനറിയാത്ത ഞാനും ഗീതയും ബിന്ദുവും ഒക്കെ. സംസ്‌കാരവും അന്ത്യകര്‍മങ്ങളും ബോംബക്കടുത്ത് നാസിക്കില്‍ വെച്ചായതുകൊണ്ട് വല്യണ്ണനൊക്കെ അങ്ങോട്ടുപോയി. അടിയന്തിരം ഇവിടെയും.

No comments:

Post a Comment