Search This Blog

Saturday, September 29, 2012

ബേബിരണ്ടു ബേബിമാരുണ്ടായിരുന്നു,ഞങ്ങള്‍ക്ക്. ഉള്ളാടന്‍ബേബിയും സുഖിയന്‍ ബേബിയും. ഉള്ളാടന്‍ ബേബി വന്നു പോകും, ആഴ്ച്ചയില്‍ ഒന്നോ രണ്ടോ. സുഖിയന്‍ ബേബി ഞങ്ങളുടെ കിഴക്കേ അയല്‍പക്കം, ഇടയാടിയിലെ തൊമ്മന്‍ നാനാാരുടെ ചേട്ടന്‍ ചാണ്ടിയുടെ  മൂത്ത മകന്‍. പൊക്കം കൂടി കണ്ണു തൂങ്ങി, മുഖക്കുരു നിറഞ്ഞു ചുവന്ന മുഖം. ഒരു പഴുത്ത പേരയ്ക്കാ ആണോര്‍മ വരുക. എന്നാലും സുഖിയന്‍ എന്ന പലഹാരവുമായി ഒരു ബന്ധവുമില്ലാത്ത മുഖം. ഇടയ്‌ക്കൊക്കെ കണ്ടില്ലെങ്കില്‍ മറന്നു പോകാവുന്നത്.

ഉള്ളാടന്‍ ബേബിക്കു കഷ്ടിച്ച് നാലരയടിപ്പൊക്കം, കറുത്തുറച്ച ഷര്‍ട്ടിടാത്ത കുറിയദേഹം. എന്നാല്‍ ഉള്ളാടന്‍ ബേബി അന്നും ഇന്നും എന്റെ ഉള്ളു നിറയെ ഉണ്ടു താനും. അതിലെ ഉള്ളാടന്‍ എന്നതു ജാതിപ്പേരാണെന്നു എത്രയോ  കഴിഞ്ഞാണറിയുന്നത്. അല്ലെങ്കിലും പേരിങ്ങനെ മാറ്റി മാറ്റി പറഞ്ഞു രസിപ്പിക്കുക എന്നത് ബേബി പതിവാണ്.എല്ലാം മാറ്റിപ്പറഞ്ഞു കൊണ്ടേയിരിക്കും. മാറ്റിപ്പറയുന്നതൊക്കെ ഒരു കൊച്ചു പെണ്‍കുട്ടിയുടെ ഒച്ചയിലാണ്. പേരൊക്കെ പെണ്‍പേരുകളും..ശരിപ്പേര് ബേബിയുള്‍പ്പടെ...ബേബി വന്നാല്‍ ഞാനും ഇരട്ടപ്പഴം പോലെ ഒട്ടിപ്പിടിച്ചു നടക്കുന്ന ഗീതബിന്ദുമാരും വടക്കുപുറത്തെ ഇളം തിണ്ണയില്‍ ഹാജര്‍. വലിയ  ഉത്ക്കണ്ഠയോടെ ചങ്കിടിപ്പോടെയാണ് നില്പ്. കാരണം ബേബിയുടെ തോളത്തും അരയിലുടുത്ത മടക്കികെട്ടിയ മുണ്ടിനു മീതെയും രണ്ടു തോര്‍ത്തുകള്‍ കിഴി കെട്ടി വെച്ചിരിക്കും. ഒന്നു നോക്ക്ിയാല്‍ തന്നെ കിഴിക്കുള്ളിലെ ചലനങ്ങള്‍ കാണാം. ജീവനുള്ള ഉടുമ്പാണൂള്ളില്‍..! ഉടുമ്പു പിടുത്തമാണു ബേബിയുടെ തൊഴില്‍. വല്ലപ്പോഴുമൊക്കെ കീരിയെയും പിടിക്കും. തോര്‍ത്തുകിഴികള്‍ രണ്ടും അരുകില്‍ മാറ്റി വെച്ചിട്ട് ബേബി ചോറുണ്ണും. കിഴിയൊന്നു പിടച്ചാല്‍ ബേബി ശകാരിക്കും.

മുതിര്‍ന്നവരാരുമില്ലെങ്കില്‍ ബേബി ഒരു കൊച്ചുകലാപ്രകടനം തന്നെ കാഴ്ച്ച വെയ്ക്കും.പെണ്ണായി പലപ്പോഴും ഒരു പുതുപ്പെണ്ണായിട്ടാണ് പ്രകടനം. ''എന്റെ പേരു ദുശീലാന്നാ, എന്റെ കെട്ടിയവന്‍ ചന്തയ്ക്കു പോയെക്കുവാ, എന്റെ സാരി പുതിയതാ'' എന്നൊക്കെ നാണിച്ചും കൊഞ്ചിയും പറയും. (അന്നൊക്കെ കെട്ടിയവന്‍ എന്ന വാക്കു പോലെ ഞങ്ങള്‍ക്കു തെറി  വേറെയില്ല. 'നിന്റെ കെട്ടിയവന്‍' എന്നു പറഞ്ഞു കോക്കിരികാട്ടി (കൊഞ്ഞനം കുത്തി) യാണ് പാലക്കായിലെ മായ ഇറുമ്പയം കോളനീന്നു സ്‌കൂളില്‍ വന്നിരുന്ന രമണി എന്ന ഭയങ്കര തെറിക്കാരിയെ ഒതുക്കിയത്!) ഇതൊക്കെ കേള്‍ക്കുന്നതോടെ അതുവരെ ചിരിക്കണോ കരയണോ പേടിക്കണോ എന്നൊക്കെ ശങ്കിച്ചു നില്‍ക്കുന്ന ബിന്ദുവും കൂടി ഞങ്ങളുടെ കൂടെ കൂടി കുടുകുടാന്നു ചിരിയാവും. ബിന്ദുവിന് എല്ലാറ്റിന്റെയും അവസാനവാക്ക് ഗീതയാണല്ലോ. അവളു ചിരിച്ചാലും കരഞ്ഞാലും യാതൊരു വ്യവസ്ഥയുമില്ലാതെ മറ്റവളും അനുകരിക്കും.

ബേബി പറയുന്നത് എറണാകുളത്താണു വീടെന്നാണ്. ചിലപ്പോള്‍ പറയും ഇറുമ്പയത്ത് പെരുന്തട്ടേലമ്പലത്തിനടുത്താണെന്ന്. അതിനടുത്താണല്ലോ ബെന്നിയുടെ വീട്.  അതുകൊണ്ടു ബെന്നിയെ പേടിച്ച് ഒച്ച താഴ്ത്തിയേ പറയൂ..ഇലഞ്ഞിയിലെ പെരീപ്പന്‍(വല്യച്ഛന്‍) ഒരു ദിവസം വന്നു.. ഇലഞ്ഞി മുതല്‍ നടന്നാണു വരവ്. വന്നപ്പോഴേ ബേബിയെ കണ്ടു. ''ഇതു നമ്മുടെ പാലച്ചോടുള്ള...'' അങ്ങനെയാണ് ബേബിയുടെ താവളം പിടികിട്ടിയത്. ഇടയ്‌ക്കൊക്കെ ബേബി ഭാര്യമാരെയും കൂട്ടി വരും. എപ്പോഴും മുറുക്കിക്കൊണ്ടിരിക്കുന്ന രണ്ടു പേര്‍. മുറുക്കിക്കഴിഞ്ഞ് അവര്‍ പറമ്പിലെ ചവറൊക്കെ അടിച്ചു കൂട്ടും. ബേബി അപ്പോഴേക്കും കിഴക്കേ പറമ്പിന്റെയറ്റത്തു കുറ്റിക്കാട്ടില്‍ ഉടുമ്പിനെ പിടികൂടാന്‍ പോയിക്കാണും. പാലക്കായിലെ രവിച്ചേട്ടനും വിജയനും മോഹനനുമൊക്കെ ബേബിയെ ചുറ്റിപ്പറ്റിയുണ്ടാവും.  ഭാര്യമാര്‍ രണ്ടു പേരുമായും ബേബി തല്ലു കൂടുന്നതു ഞങ്ങളെ ചിരിപ്പിക്കാനാണ്.ഒരിക്കല്‍ ബേബിയില്ലാതെ അവര്‍ രണ്ടു പേരും കൂടി വന്നു. ഞങ്ങള്‍ക്കു നിരാശയായി. ഞങ്ങള്‍ എല്ലാടവും നോക്കി. കഷ്ടം,ബേബിയില്ല! പക്ഷെ അപ്പോഴതാ ബേബി മുറ്റത്തെ അഴയില്‍ പിടിച്ചു പിണങ്ങി നാണം കുണുങ്ങി നില്ക്കുന്നു! തലമുടി പോലെ തോര്‍ത്തു പിരിച്ചു മാറത്തിട്ടു ചുണ്ടു കൂര്‍പ്പിച്ചു നില്‍ക്കുകയാണ്.എത്ര വിളിച്ചിട്ടും ബേബി വന്നില്ല.  ''ആ ബേബി എന്നെ തല്ലും!''  പറയുന്നതു അവരെ ചൂണ്ടിയാണ്. പിന്നെ കുറേ നേരം ബേബി അവരുടെ ഭാര്യയായി അഭിനയിച്ചു കൂട്ടി. ഞങ്ങള്‍ ചിരിച്ചു മറിഞ്ഞു. പനയോല വെട്ടാന്‍ വന്ന കുഞ്ഞന്‍ നായര്‍ ബേബിയെ ഓടിച്ചു. ബേബി ഇന്നില്ല. ഒരുപാടു നാള്‍ കഴിഞ്ഞാണ് അറിഞ്ഞത് ..സ്റ്റേഷന്‍ മാസ്റ്റര്‍ എസ്.ആര്‍.പിള്ളയുടെ വീട്ടില്‍ വിറകു വെട്ടിയിരുന്നതു ബേബിയാണ്. അവര്‍ ഒരിക്കല്‍ അമ്മയോടു നിസ്സാരമട്ടില്‍ പറഞ്ഞു. നമ്മുടെ ഉള്ളാടന്‍ ബേബി മരം വെട്ടുന്നതിനിടയില്‍ താഴെ വീണു മരിച്ചെന്ന്..

Sunday, September 23, 2012

തുണ്ട്‌

എന്തു ചോദിച്ചാലും അച്ഛന്‍(അപ്പന്‍ എന്നാണ്‌  ഞങ്ങള്‍ വിളിക്കുക) കൊണ്ടു തരും. അമ്പിളിയമ്മാവനോ അടൂര്‍ ഭാസിയോ വരെ! എന്തും കിട്ടുന്ന എറണാകുളത്തു ദിവസവും പോയി വരുന്ന അഛനെ കാത്തു ഞങ്ങളും പാലക്കയിലെയും കുടിലിലെ(അഛന്റെ തറവാട്‌-അവിടെ ചിത്തപ്പനും,ചിത്തമ്മയും തങ്കം,വിജയന്‍,കുട്ടന്‍,കുട്ടി എന്നിവര്‍ താമസം)യും കുട്ടികളും കാത്തിരിക്കും.ഇന്‍സ്റ്റ്രുമന്റെ ബോക്സ്‌,ക്യാമല്‍ മഷി,ചായപ്പെന്‍സില്‍, മുത്തുമാല, 'പൈ ആന്‍ഡ്‌ കോ'യിലെ ചിത്രകഥകള്‍ ഒക്കെ കിട്ടും.ചില ദിവസം ഓഫീസു വിട്ട്‌ തീവണ്ടി കിട്ടാനുള്ള ഓട്ടത്തിനിടയില്‍ ഒന്നും വാങ്ങാന്‍ പറ്റാതെയാവും വരവ്‌. വാശിക്കും നിര്‍ബ്ബന്ധബുദ്ധിയ്ക്കും ഏഴുപേരിലും ഒന്നാമതു ഞാന്‍. സംഗതി കിട്ടിയേ തീരൂ എന്നു എത്ര വാശി പിടിച്ചാലും അടിയും ചീത്തയുമില്ല. 'ഇത്രയേ ഉള്ളോ' എന്ന മട്ട്‌..കുളി,ചായകുടി, ഒക്കെ കഴിഞ്ഞ്  ഒരു  കഷണം കടലാസ്‌ എടുത്തുകൊണ്ടുവരാന്‍ പറയും. ആവശ്യക്കാരി കണ്ണടച്ചു നില്‍ക്കണം. കൈപ്പടം കൊണ്ടു മറച്ചുപിടിച്ച്‌ നാക്കിന്‍ തുമ്പു കൂര്‍പ്പിച്ച്‌ പുറത്തു കാണും വിധം വളരെ ഗൌരവത്തിലാണെഴുത്ത്‌. തുണ്ടുകടലാസു മടക്കി ഭദ്രമായി കൈക്കകത്തു വെച്ചു തരും. കണ്ണു തുറന്നു നോക്കുന്നയാള്‍ അപ്പോഴത്തെ അടിയന്തിര ആവശ്യമനുസ്സരിച്ചു ഫ്ളോറാ പെന്‍സില്‍/ അംബിളിയമ്മാവന്‍ എന്നൊക്കെ ഉരുട്ടിയെഴുതിയതു കണ്ടു തൃപ്തിപ്പെട്ടുകൊള്ളും!

 ഒരു കാലത്ത്‌ പാവയ്ക്കാ മെഴുക്കു പുരട്ടിയില്ലാതെ ഊണു കഴിക്കുകയില്ല,ഞാന്‍. അന്നു അതുണ്ടാക്കയില്ലെങ്കില്‍ ഒരു പച്ചപ്പാവയ്ക്കാ ഇലയുടെ അരികില്‍ വെച്ചാലും മതി, അതു നോക്കി സമാധാനപ്പെടാന്‍ മാത്രം ഉദാരമതിത്വവും ഉണ്ടായിരുന്നു. ഇതിനു കാരണമുണ്ട്‌.ഞങ്ങള്‍ കുട്ടികള്‍ക്കു ഈ കയ്പ്പു സഹിക്കാന്‍ പറ്റിയിരുന്നില്ല.ആരും പാവയ്ക്കാ കഴിക്കില്ല. ഒരു ഒഴിവു ദിവസം എല്ലാരും കൂടി പാവലിന്റെ പന്തലില്‍ നിന്നു കടലാസു കൂടു കെട്ടുകയാണ്‌. അത്തരം കാര്യങ്ങള്‍ എല്ലാവര്‍ക്കുമായി വളരെ സിസ്റ്റമാറ്റിക്കായി, ഓരോ പൊട്ടും പൊടിയും പറഞ്ഞു തന്നു കൊണ്ടാണ്‌ പരിശീലനം. അതിനിടയിലെപ്പോഴോ പ്രെംനസീര്‍ നിത്യഹരിതനായകന്‍ ആയതു പാവയ്ക്കാ തിന്നിട്ടാണെന്നും ഒരു (നുണ?)കഥ പറഞ്ഞു. ആ വാക്കിന്റെ അര്‍ഥം ശരിക്കങ്ങോട്ടു പിടികിട്ടീയില്ലെങ്കിലും കൊള്ളാവുന്ന കാര്യമാണെന്നു തോന്നി.എനിക്കാണെങ്കില്‍ അന്നും എന്നും പ്രേംനസീറിനേക്കാള്‍ അടൂര്‍ഭാസിയെ ആണിഷ്ടമെങ്കിലും ആ വാക്കിന്റെ പുതുമയിലും നീളത്തിലും ഞാന്‍ വീണു. എന്തിനു പറയണം, പിന്നെ പാവയ്ക്കാ മെഴുക്കു പുരട്ടിയില്ലാതെ ഉണ്ണുന്ന പ്രശ്നമില്ല!  അന്നൊക്കെ എന്നും പാട്ടമ്മാവന്‍ ഉണ്ണാന്‍ വരും.( ഞങ്ങളുടെ അകന്ന ഒരു ബന്ധു, ഭാഗവതരുമായിരുന്നു.) വാഴപ്പിണ്ടി കൊണ്ടുള്ള ഒരുക്കൂട്ട്‌ എന്ന കറിയാണ്‌ പാട്ടമ്മാവനു വെലിയ ഇഷ്ടം.പാവലിന്റെ കാലം തീര്‍ന്നപ്പോള്‍ പിന്നെ പതിവു രീതിയായി.തുണ്ടു കടലാസ്സില്‍ പാവയ്ക്കാ! ഏതു വലിയ ആഗ്രഹത്തെയും അന്തര്‍ഗ്ഗതത്തെയും ഒരു തുണ്ട്‌ കടലാസില്‍ അടക്കിച്ചേര്‍ത്തു തമാശയുടെ ഒരു ധ്വനിയുമില്ലാതെ ഗൌരവമായിത്തന്നെ തൃപ്തിപ്പെടാന്‍ കഴിയുമായിരുന്ന കാലം. വസ്തുവിനേക്കാള്‍ മാദകമാണ്‌ നിഴല്‍...

Thursday, September 20, 2012

കു(ഗു)ട്ടന്‍സ്

‘തിരിവായി മാറ്റിനിര്‍ത്തപ്പെട്ട രണ്ടു പേരായിരുന്നു ഞങ്ങള്‍...കുട്ടനും( ചിറ്റപ്പന്റെ ഇളയ മകന്‍) ഞാനും. മൂന്നു നാലു പ്രബലശകതി ഗ്രൂപ്പുകള്‍ നിലവിലുണ്ടെങ്കിലും അവിടെയൊന്നും ഞങ്ങള്‍ക്ക് വലിയ സ്വാഗതമില്ല. അവന്‍ എട്ടാം മാസത്തില്‍ ജനിച്ച കുട്ടി,തീരെ വലുപ്പമില്ല,ആരോഗ്യവുമില്ല.സംസാരിക്കുമ്പോള്‍ വായു വലിച്ചു തിരക്കു കൂടി ശ്വാസം മുട്ടി ആകെ ഒരു കോലാഹലവും..ഒരിടത്തും ഇണങ്ങിക്കിട്ടാതെ അലയുന്ന ഞാനും അവനും എങ്ങനെയോ ഒരു താല്‍ക്കാലിക ഗാങ്ങായി.പാലക്കായില്‍ തങ്കമണി,തങ്കം,മായ ഇവരൊക്കെ കൊണ്ടുപിടിച്ച കല്ലുകളി, ഈര്‍ക്കില്‍ കൊണ്ടു ഈരുകോല്‍ കളി, അക്കു കളി ഒക്കെയുണ്ട്.വിജയനും മോഹനനും മങ്ങലത്തെ രാമചന്ദ്രനും ഒക്കെ  വേറെ  ചില കളികള്‍. വടം കെട്ടി ഊഞാല്‍ ആടല്‍, കട നടത്തല്‍,ചെരിഞ്ഞ തെങ്ങില്‍ കയറി ഊര്‍ന്നിറങ്ങി സീസൊ കളിക്കല്‍, മഴവെള്ള്ത്തില്‍ ചങ്ങാടമിറക്കല്‍,കാലു കൊണ്ടു പടക്കം പൊട്ടിക്കല്‍,പന്തു കളി, പുഴയില്‍ നീന്താന്‍ പോക്ക് ഒക്കെയുണ്ട്. അവിടെയൊക്കെ ഞങ്ങളെ ആട്ടിയോടിക്കും. അങ്ങനെയിരിക്കേ എന്നേക്കാള്‍ രണ്ടു മൂന്നു വയസ്സിനിളപ്പമാണെങ്കിലും ഒരു തീരുമാനമെടുത്ത മട്ടില്‍ കുട്ടന്‍ പറഞ്ഞു, “നമുക്കു ലീല കളിക്കാം” എത്രയോ അനാദി കാലം മുതല്‍ നിലവിലുള്ള വളരെ പ്രശസ്തമായ ഒരു കളിയെന്ന മട്ടില്‍ ആണു ലീലകളിക്കാം എന്നവന്‍ പറഞ്ഞത്. ഞങ്ങളുടെ വഴിയ്ക്കപ്പുറം മീന്‍ കുട്ടയുമായി  പോകുന്ന വാലത്തികളിലൊരാളാണ് ലീല എന്നു മാത്രമറിയാം. ലീലകളിയുടെ ചിട്ടവട്ടങ്ങള്‍ അവന്‍ ആധികാരികമായി നിര്‍ദ്ദേശിച്ചു. ഒരു തുണി /തോര്‍ത്തായാലും മതി മാറത്തു കൂടി ചെരിച്ചിടണം,സാരി പോലെ. എന്നിട്ട് എളിയില്‍ ഒരു കൈ കുത്തി  അരവെട്ടിച്ചു തിരക്കിട്ടു നടക്കണം. ഇടയ്ക്കിടയ്ക്ക് അരയില്‍ കുത്തിയ  തുണിത്തുമ്പ് ഒന്നു മുറുക്കി കുത്തണം. ഇനി വേണമെങ്കില്‍ തലയിലൂടെ വേറെ  ഒരു തോര്‍ത്തുകൊണ്ട് മുടി പോലെ പിരിച്ചു മുന്‍പിലേക്കിട്ടാല്‍ ഒന്നും കൂടി ആര്‍ഭാടമായി. ഇതേ വേഷഭാവാദികളോടെ ഉലക്ക കോണ്ട്  ഉരലിലിട്ടു നെല്ലും അരിയും പൊടിക്കുന്നതു പോലെ  ഒരു വണ്ണമുള്ള കമ്പോ വടിയോ കൊണ്ടു ചുമ്മാ താളത്തില്‍ ഒരു സീല്‍ക്കാരത്തോടെ കുത്തിയാലും ലീലകളി തന്നെ. ഒരു അമ്മിപ്പിള്ളയെടുത്ത്  തുണിയില്‍ പൊതിഞ്ഞ്  മാറത്തു ചേര്‍ത്തു പിടിച്ച്  ‘ഉവ്വാവു’ പിടിച്ച കുഞ്ഞിനെ അച്ചു കുത്താന്‍/കുത്തിവെയ്ക്കാന്‍  വെപ്രാളപ്പെട്ട്  ഓടിപ്പാഞ്ഞ്  ഇടത്താമരയെ( ഞങ്ങളുടെ നാട്ടിലെ പ്രഗല്‍ഭനും പ്രശസ്തനുമായ ഹോമിയോ ഡോക്ടര്‍)കാണിക്കാന്‍ പോയാലും  ലീലകളി തന്നെ.എല്ലാത്തിനും കൂടി ഒരു പേര്...എന്തൊരു ചെലവു ചുരുക്കല്‍!പില്‍ക്കാലത്ത് ക്രോസ്ഡ്രസ്സിംഗിന്റെയും ആണ്‍ പെണ്‍ പകര്‍നാനട്ടങ്ങളുടെയും സിദ്ധാന്തങ്ങള്‍ വായിക്കുമ്പോഴെല്ലാം ഇതോര്‍ക്കാറുണ്ട്‌.പിന്നെയും പല കളികളുടെയും ഉപജ്ഞാതാവായി അവന്‍ ദീര്‍ഘ കാലം സേവനമനുഷ്ഠിച്ചു. അതില്‍ പെട്ടതാണു ‘കുസുമംകളി’ കുസുമം ജഗജില്ലിയായ നല്ല സാമര്‍ഥ്യക്കാരിയായ ഒരു പെണ്‍കുട്ടിയാണു`. അമ്മയുടെ വീട്ടില്‍ കുലശേഖരമംഗലത്തു പോയപ്പോളാണവളെ കാണുന്നത്. ജനലില്‍ കയറി ഏറ്റവും മുകളിലുള്ള  അഴിയില്‍ ഞാന്നു കിടന്ന്  “ലില്ലന്‍ കളറു ലെറ്റേഴ്സ്, പിറവം റോഡ് “ എന്നു ശ്വാസം വിടാതെ പറഞ്ഞു ആടുന്നതാണു കുസുമം കളി. ഇതിനു വലിയ ജനപിന്തുണ കിട്ടി, കാരണം കുസുമത്തിനു വിപുലമായ ഒരു ആരാധകവൃന്ദമുണ്ടായിരുന്നു.എന്താണു ലില്ലന്‍ കളറെന്നു ഇന്നും വലിയ പിടിയില്ല! പിറവം റോഡ് ഞങ്ങളുടെ സ്വന്തം റെയില്‍വേസ്റ്റേഷന്‍  തന്നെ...സോമന്‍ കളി മടുപ്പുളവാക്കുന്നതാണ്. അവന്‍ എപ്പോഴും സോമന്‍ ആകും. സോമന്‍ എന്നാല്‍ തിരക്കുള്ള ഒരു പലചരക്കു കടക്കാരന്‍ എന്നേ അര്‍ത്തമുള്ളു.ഒരു ചെടിയുടെ താഴെ സ്റ്റൂളിട്ടിരിക്കുന്നതാണ് കട. ഞങ്ങള്‍ -മായ,ഗീത, ഞാന്‍ -എപ്പോഴും കടയില്‍ ഓരോന്നു വാങ്ങാന്‍ വരുന്നവര്‍. 2 കിലോ അരി,3 കിലോ പഞ്ചാര, 5 കിലോ നല്ലെണ്ണ എന്നൊക്കെ ചുമ്മാ എപ്പോഴും മേടിക്കണം! ഇലയും കല്ലുമൊക്കെയാണു പൈസ. ...

ഒരു ദിവസം കളിച്ചു കളിച്ച് അവന്‍ ഒരു പണിയൊപ്പിച്ചു...പുട്ടു കുറ്റിയില്‍ കയ്യിട്ടു. ആരുമില്ല അടുത്ത്. എടുക്കാന്‍ വയ്യ. എനിക്കു അടികിട്ടാന്ഉള്ള  സാധ്യത മണത്തെങ്കിലും അറ്റ കയ്ക്കു ഓടി രക്ഷപ്പെടാമെന്ന പ്ലാനില്‍ ഞാന്‍ കൂവിക്കരഞ്ഞു. പാലക്കയിലെ ബാലന്‍ നായര്‍ ഓടി വന്ന് ‘ടക്കെ‘ന്നു ഊരിയെടുത്തു.

Wednesday, September 19, 2012

മങ്ങലം

കുട്ടിക്കാലത്ത്‌ ഞങ്ങളുടെ ആരാധനാപാത്രങ്ങളായിരുന്ന കുറെ ആള്‍ക്കാരുണ്ട്‌, അയല്‍ക്കാര്‍ തന്നെ. വടക്കെ ഭാഗത്തുണ്ടായിരുന്ന തൊണ്ട്‌(തോടുമല്ല, മാടുമല്ലാത്ത അതിരു ഭാഗം)പതുക്കെ നികന്നു പറമ്പായി വേലിച്ചെടികള്‍ കൊണ്ടൊരു അതിര്‍ത്തി ഉണ്ടായിരുന്ന കാലം. മങ്ങലത്തെ (അതോ മംഗലത്തെയോ) കൌസുച്ചേച്ചിയും ചേട്ടനും ഒക്കെ അവിടെ വന്നത്‌. മങ്ങലം എന്ന പേരില്‍ കുറേ വീടുകള്‍ ഉണ്ടായിരുന്നു. എല്ലാം കല്‍പണിക്കാരായ ആശാരിമാറുടെ വീടുകള്‍... അവരോട്‌ ആരോടുമില്ലാത്ത ഒരിത്‌ ഈ വീടിനോട്‌ തോന്നാന്‍ കാരണം... ഒരു പിടിയുമില്ല... ചിലപ്പം തോന്നും അതവരുടെ വര്‍ത്തമാനം കൊണ്ടാണെന്ന്‌... എവിടുന്നോ ഒരു 'ര്‍' കടന്നു വരും. പോയിരുന്നോ പോയാരുന്നോ എന്നൊക്കെ തനി കോട്ടയവുമല്ല എറണാകുളവുമല്ലാത്ത ഒരു പാവം മലയാളമാണ്‌ വെള്ളൂരുള്ളത്‌. ഇവരാണെങ്കില്‍ പോയാര്‍ന്നോ,വന്നാര്‍ന്നോ ,കഴിച്ചാര്‍ന്നോ എന്നൊക്കെയാണ്‌ നമ്മളൊട്‌ കുശലം ചോദിക്കുക.ഞങ്ങളാണെങ്കില്‍ തമിഴ്‌ തട്ടാന്‍മാരെന്ന നിലയില്‍ പൂര്‍ണമായും മലയാളവുമല്ല, തമിഴുമല്ല. സ്കൂളിലാണെങ്കില്‍ സംസ്കൃതമാണ്‌ ഒന്നാം ഭാഷ. ആകെപ്പാടെ ഒരു അവിയല്‍ പരുവം.എന്നാലും ഇവര്‍ പറയുന്ന മൂവാറ്റുപുഴ്ച്ചുവയുള്ള മലയാളം ആകെ ഒരു കൊതിയുണര്‍ത്തും.അവരുടെ തേച്ചു മിനുക്കിയ അലൂമിനിയപ്പാത്രങ്ങള്‍ പോലെ, ചാണകം മെഴുകിവെടിപ്പാക്കിയ ഇളംതിണ്ണ പോലെ...എന്തിനു അവരുടേ അമ്മിക്കല്ല്‌ പോലും ഒരു മിനുക്കമുള്ളത്‌. എത്ര ചെറുതായിരുന്നു ആ വീട്‌, പക്ഷെ എന്തൊരു ഒതുക്കം,വൃത്തി...വൃത്തിയല്ലാ, വേരൊരു വാക്കാണു ചേരുക,... അതറിയില്ല. പച്ചക്കറി മാത്രം കഴിച്ചു ശീലിച്ച ഞങ്ങള്‍ക്ക്‌ മീന്‍ മണം/കാഴ്ച്ച പോലും അറപ്പായിരുന്നു. എന്നാല്‍ കൌസുച്ചേച്ചിയൂടെ മീന്‍ നന്നാക്കലും കറിയ്ക്കരയ്ക്കലുമൊക്കെ ഒന്നു കാണേണ്ടതു തന്നെ. വെളുത്തു കുറിയതായി ഉറച്ച ഒരു വേരു പോലെയാണവര്‍ കാണാന്‍.... തീയല്‍ അല്ലെങ്കില്‍ മോരു കൂട്ടാന്‍ വെയ്ക്കുന്ന ദിവസങ്ങളില്‍ ഞങ്ങള്‍ക്കു തേങ്ങാ വറുത്തു തരാനും ‘മഷി പോലെ‘ (അമ്മേടെ പ്രയോഗം) അരച്ചു തരാനും അവരാണു വരുക. ) വേനല്‍ക്കാലത്തെ അസ്തമയം പോലെ ചുവന്നു തിളങ്ങുന്ന മീന്‍ കറിയും സദാ എരിവാറ്റുന്ന കൌസുച്ചെച്ചിയുടെ മുഖവും .ആ വീട് ഇന്നുണ്ട്, വേറെ രൂപത്തില്‍ പുതുക്കത്തില്‍ . പക്ഷേ വേറെ ആള്‍ക്കാര്‍ ... അവര്‍ അവിടുന്ന് മാറിപ്പോയി. വലിയ കഥകള്‍ അതിന്റെ പിന്നില്‍... പാവം തോന്നിയ്ക്കുന്ന ഒരു കാലം, കഥകള്‍... മുഖങ്ങള്‍. ..

വെറുതെ!

എന്റെ പൊടി പിടിച്ചു തുടങ്ങിയ കാലത്തിനു ചേരുന്ന ഒരു പേരാണോ ഈ ബ്ലോഗിന്റേത് എന്നറിയില്ല... കുറേയേറെ നാളായി അകത്തു മുഴങ്ങുന്ന ഒരു പേര്...എങ്കിലും ഈ പച്ചപ്പിന്റെ ചെറുതണുപ്പും ഒളിനിഴലും തണലും അതെത്ര ചെറുതായാലും വല്ലാതെ കൊതിപ്പിക്കുന്നുണ്ട്, ഈ നിമിഷം...!