Search This Blog

Saturday, October 13, 2012

തുപ്പുമൂപ്പരും അവളുടെ രാവുകളും



തുപ്പമൂപ്പര് കുലശേഖരമംഗലത്തു നിന്നും നടന്നു തളര്‍ന്നാണ് വരുക.  പാലാങ്കടവു കടത്തു കടന്നു തലയോലപ്പറമ്പു തൊട്ടുള്ള നടത്തം. എന്നാലും ആറര ഏഴു മണിക്കുള്ളില്‍ ആളെത്തും. 'റോസാ.. കൊഞ്ചം തെയിലവെള്ളം എടറീ..' എന്നു നീട്ടി വിളിച്ചാണ് വരവ്. സ്വന്തം നാട്ടിലും വീട്ടിലും അമ്മയുടെ വിളിപ്പേര് റോസാ എന്നാണ്. തൊട്ടടുത്ത വീട്ടിലെ ക്രിസ്ത്യാനിക്കുടുംബം റോസാപ്പൂമണി എന്നു കൊഞ്ചിച്ചു വിളിക്കുമായിരുന്നത്രെ. അമ്മയക്കു ഒരു കുട്ടിക്കാലമുണ്ടായിരുന്നെന്നു തന്നെ വിശ്വസിക്കാന്‍ മടിച്ചു നില്‍ക്കുമ്പോഴാവും അയല്‍പ്പക്കത്തെ ആമ്പിള്ളേര്‍ അമ്മയെ കളിയാക്കിയിരുന്ന പാട്ട് അമ്മ ഓര്‍ക്കുന്നത്..
'യേസും കൂസും പള്ളിക്കു പുറത്ത്,
റോസേക്കെട്ടാന്‍ മനസ്സൊണ്ടോ...?''

പിന്നെയുമുണ്ടു പാട്ടുകള്‍

'ഞാങ്കെട്ടിയ പെണ്ണേ റോസാപ്പെണ്ണേ
നീയെന്റെ കൂടെപ്പോരുമോ പെണ്ണേ?''

അതിന്റെ മറുപടി കുറച്ചു സ്പീഡിലാണ്.

''താന്‍ കപ്പലോട്ടത്തിനു പോയാലെന്നാ
കപ്പലുമുങ്ങിച്ചത്താലെന്നാ
ഡുണ്ടുണ്ടക്കിടി ഡുണ്ടുണ്ടും''

തുപ്പുമൂപ്പര് ആത്തേപ്പന്റെ-അമ്മയുടെ അച്ഛനെ അങ്ങനെയാണ് വിളിക്കാറ്-- അകന്ന ഒരു ബന്ധുവും ആശ്രിതനുമായിരുന്നു. ഏതാണ്ട് അനാഥമായ ജീവിതാവസ്ഥ. തുപ്പുമൂപ്പരും ചെമ്പു ഭാഗത്തുനിന്നും മീന്‍ വില്‍ക്കാനായി വെള്ളൂരു വന്നു പോയിരുന്ന ശാന്ത എന്ന വാലത്തിയുമായിരുന്നു അമ്മയുടെ കുട്ടിക്കാലം ഞങ്ങളെ ഓര്‍മിപ്പിച്ചത്. വീട്ടിലെയും നാട്ടിലെയെയും വിവരങ്ങള്‍ അവര്‍ പറയും. തുപ്പുമൂപ്പരുടെ തേയിലവെള്ളം ഒരു തമാശപ്രയോഗമായി ഞങ്ങളൊക്കെ ഏറ്റുപാടും. കുറേ നാളു കഴിഞ്ഞ് ഒരു ദിവസം കേട്ടു തുപ്പുമൂപ്പര് മരിച്ചു പോയെന്ന്. ആരു മരിച്ചാലും ഒരു ആന്തലും ആശങ്കയുമാണ് ഞങ്ങളുടെ ഉള്ളില്‍. അവരോടുള്ള സ്‌നേഹം കൊണ്ടല്ല, കാരണം മറ്റൊന്നാണ്. ജീവിച്ചിരിക്കുന്നവരോടൊപ്പം തന്നെ മരിച്ചവരോടൊപ്പംകൂടിയാണ് അന്നത്തെ കുട്ടിക്കാലം. പ്രേതങ്ങളെക്കുറിച്ച് സംശയമല്ല ഏതാണ്ട് ഉറപ്പുതന്നെയാണ്. തുപ്പുമൂപ്പര്‍ മരിച്ചതറിഞ്ഞ ദിവസം ഞാനും മോഹനനും നേരത്തേ കിടന്നു. പേടിക്കാന്‍ തയ്യാറായിട്ടുതന്നെയാണ്. പുതപ്പിന്റെ അറ്റം പല്ലുകൊണ്ട് കടിച്ചുപിടിച്ച് കയ്യിറുക്കിച്ചേര്‍ത്തു പിടിച്ചാണ് കിടപ്പ്. ആരെങ്കിലും മരിച്ചാലും ഇല്ലെങ്കിലും മിക്ക രാത്രികളും ഞങ്ങളെക്കടന്ന് ഒരു വെള്ളമുണ്ടു പുതച്ച രൂപം കടന്നു പോകാതിരിക്കില്ല. അതു പതിവാണ്. കള്ളന്‍ കപ്പലില്‍ തന്നെയാണ്; കൊച്ചണ്ണനാണ്(ഞങ്ങള്‍ മക്കളില്‍ രണ്ടാമത്തെയാള്‍) വെള്ളമുണ്ടുകൊണ്ടു തലമൂടി വടക്കേ മുറിയിലേക്കു കടക്കും മുമ്പേ പ്രേതം ആരാണെന്നു അനൗണ്‍സു ചെയ്യും. ചിലപ്പോള്‍ പുത്തന്‍പുരയിലെ കുട്ടന്‍ നായരായിരിക്കും. അല്ലെങ്കില്‍ പഴയിടത്തെയോ കീമുറിയിലേയോ അപ്പൂപ്പനായിരിക്കും. ആളുകള്‍ക്കു പഞ്ഞമില്ല. എട്ടരക്കു ശേഷം "വാമന" തീയറ്ററില്‍ നിന്നുള്ള സിനിമാ പാട്ടുകളുടെ 'അതീത ' സഞ്ചാരഗതികൂടി അനുസരിച്ചാണ് എന്റെ പേടിയുടെ അളവ്. 'രാഗേന്ദുകിരണങ്ങള്‍', 'സ്ത്രീ അവളൊരു ഭാവം അതിന്റെ ആകര്‍ഷവലയം'  തുടങ്ങിയ വരികള്‍  പേടിയുടെ ഉള്‍പ്പടവുകളിലേക്ക് തള്ളിയിടുന്നവതന്നെ. യക്ഷിയും പ്രേതവുമൊക്കെയായി വെള്ളമുണ്ട് തേരോട്ടം നടത്തി മുറിവിട്ടുപോയാലെ സമാധാനമുള്ളൂ. ഒടുക്കം ഏതു പേടിയേയും മറികടക്കാനുള്ള ഒരു രഹസ്യതന്ത്രമെന്ന നിലയില്‍ ഒരു മാര്‍ഗം ഞങ്ങള്‍ കണ്ടെത്തി. അടുക്കളക്കകത്തെ ഭരണിയില്‍ ഇടിച്ചു ചാണയാക്കി വെച്ച വാളന്‍പുളിയില്‍ നിന്ന് കുറച്ചെടുത്ത് മോഹനന്റെ നിക്കറിന്റെ പോക്കറ്റില്‍ സൂക്ഷിക്കും. തേരോട്ടം വരുമ്പോഴോ പാട്ടുവെക്കുമ്പോഴോ വായിലിടും. ഇത് അധികകാലം ഫലിച്ചില്ല. തുപ്പുമൂപ്പരുടെ മരണം തേരോട്ടക്കാരന് കൊയ്ത്തുകാലമായിരുന്നു. രൂപവും ഭാവവും പരിഷ്‌ക്കരിച്ചുകൊണ്ടാണ് ഇത്തവണ പ്രകടനം. ഡയലോഗും കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വായുടെ ഭാഗത്ത് മുണ്ടുകടിച്ചു പിടിച്ച് ലേശം കൊഞ്ഞിപ്പോടെ തേയിലവെള്ള ഡയലോഗു പറയും.
എല്ലാ ഡയലോഗിനുശേഷം ഒരു നീണ്ട ഹുങ്കാരവും.... അതോടെ എന്റെ നല്ല ജീവന്‍ പോകും. ഞങ്ങള്‍ക്കു കൂട്ടുകിടക്കാന്‍ മുറിയില്‍  സാലിച്ചേച്ചിയുണ്ടായാലും തേരോട്ടത്തെ ശാരീരികമായി അടിച്ചമര്‍ത്തുന്നതില്‍ അവരും പരാജയപ്പെട്ടു.   എത്ര പേടിച്ചാലും ഞങ്ങള്‍ക്ക് അമ്മയുടെ കൂടെ കിടക്കാനുള്ള ഭാഗ്യം കിട്ടില്ല. സ്ഥിരം അവകാശികളായി ഇടത്തും വലത്തും ഗീത-ബിന്ദുമാരാണല്ലോ.   വലിയ ഒച്ചപ്പാടാണെങ്കില്‍ അമ്മ തെക്കേ മുറി തുറന്ന് പുറത്തുവന്ന് നടുംപുറം നോക്കി നല്ല വീക്കുകൊടുക്കും. എന്നാലും കൂസലില്ല. പത്തുമിനുട്ടുകഴിഞ്ഞു വീണ്ടും വരും. പിന്നെപ്പിന്നെ അവസരം കിട്ടുമ്പോഴൊക്കെ ഏതൊരു വാതില്‍ മറവിലും പള്ളിക്കൂടം വിട്ടു വരുന്ന ഇടവഴികളിലും വാഴക്കൂട്ടത്തിനിടയില്‍ മറഞ്ഞു നിന്ന് തേയിലവെള്ളം ചോദിക്കാന്‍ 'തുപ്പുമൂപ്പര്‍' തുടങ്ങി. പല കുരുത്തക്കേടും ഒപ്പിച്ച് ചീത്തയും അടിയും ഒഴിഞ്ഞുമാറി പാലക്കായിലും കുടിലിലുമായി പകലു കഴിച്ചുകൂട്ടി രാത്രി വൈകി പരുങ്ങിപ്പരുങ്ങി വരുമ്പോള്‍  ഞങ്ങള്‍ പുതപ്പിനടിയില്‍ ഉറങ്ങാതെ പുളിയുമായി ഇരിക്കും. ഒന്നു പേടിച്ചിട്ടു വേണം ഉറങ്ങാന്‍!




 

3 comments:

  1. ഹാരിസ്, വായനയ്ക്കു നന്ദി.. ഇതൊക്കെ ഓര്‍ത്തുവെച്ച് എടുത്തെഴുതുന്നതല്ല, നല്ലതണുപ്പത്ത് പുതപ്പില്‍ ചുരുണ്ടു കൂടുന്നതു പോലൊരു സുഖത്തില്‍ എഴുതുന്നതാണ്.. ചില സമയം വര്‍ത്തമാനം ഭയം, ഭൂതം ഒരു അഭയവും....

    ReplyDelete